02:59pm 21 October 2026
NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീം കോടതി
21/10/2026  12:43 PM IST
nila
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം; വിജിലൻസ് അന്വേഷണം തടഞ്ഞ് സുപ്രീം കോടതി

 

ന്യൂഡൽഹി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടൽ. വിജിലൻസ് അന്വേഷണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികൾ പരിഗണിച്ച കോടതി, അന്വേഷണ നടപടികൾ തടയുകയും കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. ആരോപണവിധേയരുടെ ഭാഗം കേൾക്കണമെന്ന പിണറായി വിജയന്റെ വാദവും കോടതി അംഗീകരിച്ചു.

വിജിലൻസ് കേസെടുക്കാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. അവധിക്കുശേഷം കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായും തുടർനടപടികൾക്ക് സാധ്യതയുണ്ടെന്നും പിണറായി വിജയന്റെ അഭിഭാഷകൻ കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് കേസ് ഇന്ന് പരിഗണനയ്ക്കെടുത്തത്.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഉപഹർജികൾ നേരത്തേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) 66(2) വകുപ്പ് പ്രകാരം കൈമാറുന്ന വിവരങ്ങളിൽ ഗുരുതരമായ കുറ്റകൃത്യം നടന്നതായി വ്യക്തമാക്കുന്ന വസ്തുതകളുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിലപാട് സ്വീകരിച്ചത്. അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആരോപണവിധേയരെ അറിയിക്കണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതിയുടെ പുതിയ ഇടപെടലോടെ കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തും. ആരോപണവിധേയരുടെ വാദം കേൾക്കണമെന്ന ആവശ്യത്തിനാണ് സുപ്രീം കോടതി അംഗീകാരം നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img